Monday, October 8, 2007

വിവരാവകാശ നിയമം

ഭാരതത്തിന്റെ ഭരണഘടനക്കു ശേഷം നമ്മള്‍ നിര്‍മ്മിച്ച ഏറ്റവും പ്രധാനപ്പെട്ട നിയമം 2005ലെ വിവരാവകാശ നിയമമാണെന്ന് ഞാന്‍ കരുതുന്നു. ഈ നിയമത്തെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇതിന്റെ പ്രാധാന്യമെന്തെന്നും, ഇതുപയോഗിച്ച് വിവരങ്ങള്‍ എങ്ങനെ നേടാമെന്നും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.


പ്രാധാന്യം

ജനാധിപത്യ ഭരണസംവിധാനത്തിലേറ്റവും ആവശ്യമായ, ജനാധിപത്യത്തിന്റെ ജീവവായുവായ, അവകാശമാണ് അറിയാനുള്ള അവകാശം. ഇത് ഭരണഘടനയുടെ മൂന്നാം ഭാഗം നല്‍കുന്ന മൌലികാവകാശങ്ങളിലൊന്നായി പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു നേടിയെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ, മേല്പറഞ്ഞ അവകാശം ഏട്ടിലെ പുല്ലു തിന്നാത്ത പശുവായി തുടര്‍ന്നു. ഈ നടപടി ക്രമമാണ് വിവരാവകാശ നിയമം വഴി ലഭിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന് പുതിയ ജീവന്‍ നല്‍കാനും, ഏറ്റം പ്രധാനമായ ഒരു മൌലികാവകാശത്തിന് അര്‍ത്ഥം നല്‍കാനും, ഈ നിയമത്തിന് സാധിക്കുന്നു.

സുതാര്യത ഒന്നിന് മാത്രമാണ് സാമൂഹ്യരംഗത്തെ നശിപ്പിക്കുന്ന അഴിമതിക്ക് വിലങ്ങു തടിയാകാന്‍ കഴിയുന്നത്. അതിനേറ്റവും സഹായകമായ നിയമമാണിത്. കണ്ണും കാതും തുറന്നിരിക്കുന്ന ഒരു ജനതതി മാത്രമാണ് അഴിമതിക്കെതിരെയുള്ള ഒരേയൊരുറപ്പ്.

മറ്റു നിയമങ്ങള്‍ പോലെ സര്‍ക്കാര്‍ നമുക്കു വേണ്ടി എന്തൊക്കെയോ ചെയ്തു തരാനാവശ്യപ്പെടുന്ന നിയമമല്ലിത്. പൌരന്മാര്‍ നടപ്പിലാക്കേണ്ട, അവര്‍ക്കു മാത്രം അര്‍ത്ഥം നല്‍കാവുന്ന, ഒരു നിയമമാണിത്. ഇതൊരു ശക്തമായ ആയുധമാണ്. എന്നാല്‍ ഏതൊരു ആയുധത്തിന്റെയും ശക്തി, അതുപയോഗിക്കുന്ന കൈയ്യുടെ ശക്തി മാത്രമാണ്. ജാഗ്രതയോടെ സമൂഹ്യരംഗത്തെ അഴിമതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ശക്തിയാണ് ഈ നിയമം നല്‍കുന്നത്. പ്രതികരിക്കാന്‍ വിസമ്മതിച്ച് നില്‍ക്കുന്ന പൌരാവലിയാണ് അഴിമതിയുടെ കാരണമെന്നോര്‍ക്കുക. ഇവിടെ നടക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും ഞാനുത്തരവാദിയല്ലെന്ന നിലപാട് ആര്‍ക്കും ഭൂഷണമല്ല. അധര്‍മ്മത്തിനെതിരെ പ്രതികരിക്കാന്‍ ബലമില്ലെന്ന ന്യായത്തില്‍ എല്ലാം സഹിച്ചിരിക്കുന്നതും അധര്‍മ്മം തന്നെയാണെന്ന് മഹാഭാരതത്തില്‍ വ്യാസന്‍ ഓര്‍മ്മിപ്പിക്കുന്നു.

ആരില്‍ നിന്നൊക്കെ വിവരം ആവശ്യപ്പെടാം?
(പൊതുഅധികാരി എന്നാല്‍ എന്ത്?)


വിവരാവകാശ നിയമം ഉപയോഗിച്ച് വിവരം ആവശ്യപ്പെടാവുന്നത് ഒരു പൊതു അധികാരിയില്‍ നിന്നു മാത്രമാണ്. “പൊതു അധികാരി” എന്നാല്‍ ഏത് അധികാരിയോ സ്ഥാപനമോ സ്വയം ഭരണസ്ഥാപനമോ ആണെന്ന് നിയമം നിര്‍വചിക്കുന്നു. അത് ഭരണഘടനയാലോ, പാര്‍ലമന്റിന്റെയോ നിയമസഭയുടെയോ നിയമത്താലോ, സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിര്‍മ്മിക്കയോ സ്ഥാപിക്കയോ ചെയ്തിട്ടുള്ളവയാകണം. അങ്ങനെ, സര്‍ക്കാര്‍ വകുപ്പുകള്‍, ഭരണഘടനാധികാരികള്‍ (കോടതികള്‍ പി.എസ്.സി തുടങ്ങിയവ), എന്നിവയെല്ലാം പൊതു അധികാരികളാണ്. സര്‍ക്കാരിന് കാര്യമായി നിയന്ത്രണമുള്ളതോ, അതിന്റെ ഉടമസ്ഥതയിലുള്ളതോ, സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നേരിട്ടോ അല്ലാതെയോ കാര്യമായ സഹായങ്ങള്‍ സ്വീകരിക്കുന്നതോ ആയ സര്‍ക്കാരിതര സംഘടനകളും പൊതു അധികാരിയാണ്.

വളരെ വിപുലമായ ഈ നിര്‍വചനം കൊണ്ട് തികച്ചും സ്വകാര്യമല്ലാത്ത ഏതാണ്ടെല്ലാ അധികാരികളെയും നിയമം പൊതു അധികാരിയായി കണക്കാക്കുന്നു. അവരില്‍ നിന്നെല്ലാം നമുക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടു നേടിയെടുക്കാം. എന്നാല്‍ ഇതിനര്‍ത്ഥം സ്വകാര്യ വ്യക്തികളെ സംബന്ധിച്ച് ഒരു വിവരവും നേടാനാവില്ലെന്നല്ല. സ്വകാര്യ വ്യക്തികളെ സംബന്ധിച്ച് പൊതു അധികാരിയുടെ പക്കലുള്ള വിവരങ്ങള്‍ അപേക്ഷിച്ച് നേടാന്‍ തടസ്സമില്ല. ഇത് “വിവരം” എന്ന വാക്കിന്റെ നിര്‍വചനത്തില്‍ നിന്ന് വ്യക്തമാകും.

എന്തൊക്കെയാണ് ആവശ്യപ്പെടാനാവുന്നത്?
(എന്താണ് വിവരം?)


ഈ നിയമത്തിനു കീഴില്‍ നേടി എടുക്കാവുന്നത് “വിവരങ്ങള്‍ “ ആണെന്ന് വ്യക്തമാണല്ലോ. അപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ എന്താണ് "വിവരം" എന്നത് പ്രധാന ചോദ്യമാകുന്നു.

വിവരം എന്ന വാക്കും വളരെ വിപുലമായാണ് നിയമത്തില്‍ നിര്‍വചിക്കുന്നത്. നിര്‍വചനത്തില്‍ വിവരം എന്തെന്ന് മുഴുവനെ പറയാതെ, ആ വാക്കില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു എന്നാണ് വിവരിച്ചിരിക്കുന്നത്. "information" എന്നാല്‍ "any material in any form" എന്ന് നിയമം നിര്‍വചിക്കുന്നു. അങ്ങനെ എന്തു രീതിയിലുള്ള വസ്തുക്കളും വിവരം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് അതില്‍ രേഖകള്‍ , മെമ്മോകള്‍ , ഇ മെയിലുകള്‍ , ഉത്തരവുകള്‍ , കരാറുകള്‍ തുടങ്ങി മാതൃകകള്‍ , സാമ്പിളുകള്‍ എന്നിവയെല്ലാം “വിവരം“ എന്ന വാക്കില്‍ ഉള്‍പ്പെടുന്നെന്നും വ്യക്തമാക്കുന്നു. അതായത് ഈ നിയമത്തിനു കീഴില്‍ വാങ്ങിയെടുക്കാനാവാത്തതായി ഒന്നുമില്ലെന്നു തന്നെ പറയാം. രേഖകള്‍ കൂടാതെ, കമ്പ്യൂട്ടര്‍ ഫയലുകളും എന്തെങ്കിലും സാധനങ്ങളുടെ സാമ്പിളുകളും, മാതൃകകളും ഒക്കെ ആവശ്യപ്പെടാം എന്ന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

അതു കൂടാതെ ഒരു സ്വകാര്യ വ്യക്തിയെ സംബന്ധിച്ച വിവരം ഏതെങ്കിലും പൊതു അധികാരിക്ക് നിയമപ്രകാരം ലഭ്യമാണെങ്കില്‍ അത് ആവശ്യപ്പെടാവുന്ന വിവരമാണ്. ഉദാഹരണം : ഒരാളുടെ ഇന്‍‌കംടാക്സ് റിട്ടേണ്‍ - പൊതു അധികാരിയായ നികുതി വകുപ്പിന് ലഭ്യമായ വിവരമാണ്. എന്നാല്‍ അത്തരം വിവരം നല്‍കും മുന്‍പ് ആ വ്യക്തിക്ക് നോട്ടീസ് നല്‍കണം. അതെ പറ്റി വഴിയെ വ്യക്തമാക്കാം.

എങ്ങനെയാണ് വിവരം ആവശ്യപ്പെടേണ്ടത്?

വിവരം ആവശ്യപ്പെടുന്നതിന് പൊതു അധികാരിയുടെ പൊതുവിവര ഉദ്യോഗസ്ഥന്റെ (public information officer) പക്കല്‍ എഴുതിയ അപേക്ഷ നല്‍കണം. ഇ മെയില്‍ വഴിയും അപേക്ഷ നല്‍കാം. അങ്ങനെ അപേക്ഷ സ്വീകരിക്കാന്‍ പൊതു അധികാരി വിവര ഉദ്യോഗസ്ഥരെ എല്ലാ ഓഫീസിലും നാമനിര്‍‌ദേശം ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. പ്രാദേശിക തലത്തില്‍ വിവരങ്ങള്‍ക്കുള്ള അപേക്ഷ സ്വീകരിച്ച് പൊതുവിവര ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കുവാനായി പൊതു അധികാരികള്‍ക്ക് ഉപ വിവര ഉദ്യോഗസ്ഥരെ നിയോഗിക്കാവുന്നതാണ്.

അപേക്ഷകന്‍ എഴുതി അപേക്ഷ നല്‍കാന്‍ വയ്യാത്ത അവസ്ഥയിലാണെങ്കില്‍ അയാളുടെ അപേക്ഷ എഴുതി നല്‍കാന്‍ വിവര ഉദ്യോഗസ്ഥന്‍ സഹായിക്കണം എന്നും നിയമം അനുശാസിക്കുന്നു. അപേക്ഷയിലാവശ്യപ്പെട്ട വിവരം മറ്റൊരു പൊതു അധികാരിയുടെ പക്കലാണുള്ളതെങ്കില്‍ അപേക്ഷ ആ പൊതു അധികാരിക്ക് അയച്ച് കൊടുത്ത് ആ വിവരം അപേക്ഷകനെ അറിയിക്കണം‍. ഈ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കരുതെന്ന് സാരം.

അതുപോലെ ഒരു കാരണവശാലും വിവരം ആവശ്യപ്പെടുന്നതെന്തിനു വേണ്ടിയാണെന്ന് അപേക്ഷകനോട് വ്യക്തമാക്കാന്‍ ആവശ്യപ്പെടരുതെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ എന്താണ് വിവരം ആവശ്യപ്പെടാനുള്ള കാരണമെന്ന് അപേക്ഷകന് വ്യക്തമാക്കണമെങ്കില്‍ അതിന് തടസ്സമില്ല. പൊതു താത്പര്യം വിവരം പരസ്യമാക്കുന്നതിനെ അനുകൂലിക്കുന്നെന്നോ, ആവശ്യപ്പെട്ട വിവരം ആരുടെയെങ്കിലും ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെന്നോ കാണിക്കാന്‍ വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കാം. (ഇത്തരം വിവരങ്ങള്‍ അപേക്ഷ പരിഗണിക്കുവാനുള്ള സമയത്തിനേയും, അത് ലഭിക്കനുള്ള സാദ്ധ്യതയേയും ബാധിക്കാം. അതെങ്ങനെയെന്ന് താഴെ വ്യക്തമാക്കുന്നുണ്ട്.) എന്നാല്‍ ഒരു കാരണവും കാണിക്കാതെ തന്നെ വിവരം ആവശ്യപ്പെടാന്‍ അപേക്ഷകന് സ്വാതന്ത്ര്യമുണ്ട്.

വിവരത്തിന്റെ വില
(വിവരം നേടാനുള്ള ഫീസുകള്‍ )


അപേക്ഷക്കൊപ്പം അപേക്ഷാ ഫീസ് നല്‍കണം. കേരള സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ പൊതു അധികാരികള്‍ക്ക് അപേക്ഷാ ഫീസ് 10 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫീസും അതു തന്നെ. സംസ്ഥാന സര്‍ക്കാര്‍ ഫീസ് കോര്‍ട്ട് ഫീസ് സ്റ്റാമ്പായി സ്വീകരിക്കും. അത് അപേക്ഷയില്‍ ഒട്ടിച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാര്‍ അധികാരികളുടെ കാര്യത്തില്‍ ഫീസ് പോസ്റ്റല്‍ ഓഡറായി നല്‍കാം. രണ്ടിടത്തും ഡിഡിയായും പണമായും ഒക്കെ ഫീസ് നല്‍കാം. എളുപ്പമാര്‍‌ഗ്ഗം സൂചിപ്പിച്ചെന്ന് മാത്രം.

വിവരം നല്‍കാന്‍ പ്രത്യേകം ഫീസുണ്ട്. പേജൊന്നിന് 2 രൂപയാണ് പൊതുവില്‍ ഉള്ള ഫീസ്. ആവശ്യപ്പെട്ട വിവരം നല്‍കാന്‍ എത്ര ഫീസ് നല്‍കണം എന്ന് വിവര ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിക്കണം. അങ്ങനെ അറിയിച്ചിട്ട് ഫീസടക്കാന്‍ അപേക്ഷകനെടുക്കുന്ന സമയം വിവരം നല്‍കാനെടുക്കാവുന്ന സമയത്തില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.

വിവരം നല്‍കാന്‍ അധിക ഫീസ് ആവശ്യമെങ്കില്‍ അത് അപേക്ഷകനെ അറിയിക്കണം. ആ ഫീസ് എങ്ങനെ കണക്കു കൂട്ടി എന്ന വിവരവും അപേക്ഷകനെ അറിയിക്കണം. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അപേക്ഷകന് അവകാശമുണ്ട്. അന്യായമായ ഫീസാവശ്യപ്പെടുന്നതിനെതിരെ വിവരകമ്മീഷനുകള്‍ മുമ്പാകെ പരാതി സമര്‍പ്പിക്കാനും വ്യവസ്ഥയുണ്ട്.

ദാ‍രിദ്ര്യരേഖക്ക് താഴെയുള്ളവരില്‍ നിന്നും ഫീസ് വാങ്ങരുതെന്ന് നിയമം അനുശാസിക്കുന്നു. അതു പോലെ നിയമം അനുശാസിക്കുന്ന സമയപരിധി കഴിഞ്ഞാല്‍ വിവരം സൌജന്യമായി നല്‍കണം.

വിവരം അതിവേഗം
(വിവരം നല്‍കാനുള്ള സമയപരിധി)


ഇനിയാണീ നിയമത്തെ ഏറ്റവും പുതുമയുള്ളതാക്കുന്ന നിബന്ധന. നിര്‍ബന്ധമായും അപേക്ഷ കിട്ടി 30 ദിവസത്തില്‍ ഒന്നെങ്കില്‍ ആ വിവരം നല്‍കുകയോ, അല്ലെങ്കില്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കാണിച്ചത് നിരസിക്കയോ വേണം. കാരണമില്ലാതെ ഇതു വൈകുന്ന പക്ഷം വിവര ഉദ്യോഗസ്ഥന്‍ ഒരു ദിവസം 250 രൂപ വച്ച് പിഴയടക്കാന്‍ ബാദ്ധ്യസ്ഥനാണ്. പരമാവധി പിഴ 25,000 രൂപ. ഒരു നിയമത്തിനു കീഴില്‍ പറഞ്ഞിട്ടുള്ള സമയ പരിധി പാലിക്കാത്തതിന് ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുന്നത് മറ്റൊരു നിയമത്തിലും കാണാത്ത വകുപ്പാണ്. അതിനാല്‍ തന്നെ ഈ നിയമത്തിനു കീഴിലുള്ള അപേക്ഷകള്‍ സാധാരണ നിലയില്‍ സമയ പരിധിക്കുള്ളില്‍ തന്നെ തീര്‍പ്പ് കല്പിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ ഒടുക്കേണ്ടതായി വന്നിട്ടുണ്ട്.

അതു പോലെ സമയ പരിധി കഴിഞ്ഞാല്‍ ആവശ്യപ്പെട്ട വിവരം സൌജന്യമായി നല്‍കണമെന്നും നിബന്ധന ചെയ്തിരിക്കുന്നു. ഇത് അപേക്ഷകള്‍ സമയത്ത് പരിഗണിക്കപ്പെടുന്നെന്ന് പൊതു അധികാരികള്‍ ഉറപ്പ് വരുത്താനുള്ള നിബന്ധനയായി കാണാം.

ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തിനെയോ ബാധിക്കുന്ന വിവരമാണെങ്കില്‍ ആ വിവരം നല്‍കാനുള്ള സമയപരിധി 48 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമയനഷ്ടമില്ലാതെ നല്‍കാനാകുന്ന വിധം പൊതു അധികാരികള്‍ തങ്ങളുടെ രേഖകളും മറ്റും ചിട്ടപ്പെടുത്തി സൂചിക തയ്യാറാക്കി സൂക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നു.

സമയപരിധിക്കുള്ളില്‍ തീരുമാനമൊന്നുമാകാത്ത അപേക്ഷ നിരസിച്ചതായി പരിഗണിച്ച് തുടര്‍നടപടികള്‍ (അപ്പീല്‍ ) കൈക്കൊള്ളമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സമയപരിധിയില്‍ നിന്ന് വിവരം നല്‍കാന്‍ ആവശ്യപ്പെട്ട അധിക ഫീസ് നല്‍കാന്‍ എടുക്കുന്ന സമയം ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷയിന്മേലുള്ള നടപടികള്‍

അപേക്ഷ ലഭിക്കുന്ന പൊതുവിവര ഉദ്യോഗസ്ഥന്‍ ഒന്നെങ്കില്‍ വിവരം നല്‍കുകയോ എട്ടോ ഒന്‍പതോ വകുപ്പുകളുടെ കീഴില്‍ സൂചിപ്പിച്ചിരിക്കുന്ന കാരണങ്ങള്‍ കാണിച്ച് അപേക്ഷ നിരസിക്കയോ വേണം. അപേക്ഷകനാവശ്യപ്പെട്ട വിവരം മറ്റൊരു പൊതു അധികാരിയുടെ കൈവശമുള്ളതാണെങ്കില്‍ അപേക്ഷ നല്‍കി 5 ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കാന്‍ വിവര‌ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അങ്ങനെ അയച്ചു കൊടുത്ത വിവരം അപേക്ഷകനെ അറിയിക്കയും വേണം. തന്റെ പക്കലുള്ള വിവരമല്ല എന്നത് വിവരാപേക്ഷ നിരസിക്കാനോ മടക്കാനോ കാരണമല്ലെന്ന് സാരം.

മൂന്നാം കക്ഷിയെ സംബന്ധിക്കുന്നതോ മൂന്നാം കക്ഷി നല്‍കിയതോ ആയ വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് ആ കക്ഷിക്ക് നോട്ടീസു നല്‍കി അയാള്‍ക്ക് പറയാനുള്ളതു കൂടി പരിഗണിക്കാന്‍ നിയമം നിബന്ധന ചെയ്യുന്നു. അപേക്ഷകനും പൊതു അധികാരിയുമല്ലാത്തവരെല്ലാം അപേക്ഷയെ സംബന്ധിച്ച് മൂന്നാം കക്ഷിയാണ്. എന്നാല്‍ മൂന്നാം കക്ഷിക്ക് വിവരം നല്‍കുന്നതിനെ എതിര്‍ക്കാന്‍ 8/9 വകുപ്പുകളിലെ കാരണങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. മൂന്നാം കക്ഷി എതിര്‍ത്തു എന്നതു കൊണ്ട് മാത്രം വിവരം നിഷേധിക്കാന്‍ സാധിക്കില്ല.

അപേക്ഷ നിരസിക്കുന്ന ഉത്തരവില്‍ അതിന്റെ കാരണങ്ങളും അതിനെതിരെ അപ്പീല്‍ ആര്‍ക്കു നല്‍കാമെന്നും അതിനുള്ള സമയ പരിധിയും സൂചിപ്പിച്ചിരിക്കണം.

അപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍

അപേക്ഷകള്‍ എട്ടാം വകുപ്പിലും ഒന്‍പതാം വകുപ്പിലും പറയുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിരസിക്കുവാന്‍ പാടുള്ളു. ഈ വകുപ്പുകള്‍ക്ക് കീഴില്‍ താഴെ പറയുന്ന വിവരങ്ങള്‍ പൌരന് ലഭ്യമാക്കേണ്ടതില്ല എന്നു പറയുന്നു.

I. താഴെ പറയുന്നവയെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങള്‍


  • ഭാരതത്തിന്റെ സര്‍വാധിപത്യം/ അഖണ്ഢത
  • ഭരണകൂടത്തിന്റെ സുരക്ഷാപരം/തന്ത്രപരം/ശാസ്ത്രപരം/സാമ്പത്തികം ആയ താത്പര്യങ്ങള്‍
  • വിദേശ രാജ്യങ്ങളുമായുള്ള ബന്ധം
II. ഏതെങ്കിലും കോടതി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു വിലക്കിയ വിവരം അല്ലെങ്കില്‍ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമാകുന്ന വിവരം.

III. നിയമനിര്‍മ്മാണസഭ/ പാര്‍ലമെന്റ് ഇവയുടെ അവകാശ ലംഘനമാകുന്ന വിവരങ്ങള്‍

IV. ഒരു മൂന്നാം കക്ഷിയുടെ മത്സരാധിഷ്ടിത സ്ഥാനത്തിന് കോട്ടം തട്ടിക്കുന്ന വിവരം. വാണിജ്യ രഹസ്യം / കച്ചവട രഹസ്യം / ബൌദ്ധിക സ്വത്ത് തുടങ്ങിയവ.

V. വിശ്വാസാധിഷ്ടിത ബന്ധം മൂലം ഒരു വ്യക്തിയുടെ കൈവശമുള്ള വിവരം
( പ്രത്യേക ചില ബന്ധങ്ങളെ നിയമം വിശ്വാസാധിഷ്ടിത (fiduciary) ബന്ധമായി കാണുന്നു. ഈ ബന്ധം വച്ച് പുലര്‍ത്തുന്നവരോട് വളരെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നമ്മള്‍ സാധാരണ പങ്കിടും. ഉദാ: ഡോക്ടര്‍ - രോഗി, വക്കീല്‍ - കക്ഷി, ഗുരു - ശിഷ്യന്‍ . ഇത്തരം ബന്ധത്തില്‍ നേടിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതാണ് നിരോധിക്കുന്നത്. )

VI. വിദേശ രാജ്യത്തില്‍ നിന്ന് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ .

VII. നിയമം നടപ്പാക്കുന്നതിനോ, സുരക്ഷാവശ്യങ്ങള്‍ക്കോ ലഭിച്ച സഹായത്തിന്റെ/വിവരത്തിന്റെ ഉറവിടം തിരിച്ചറിയാനിടയാക്കുന്നതോ ഏതെങ്കിലും വ്യക്തിയുടെ ജീവനോ സുരക്ഷക്കോ അപകടമുണ്ടാക്കുന്നതോ ആയ വിവരം. (ഉദാ: പോലീസിനോ കസ്റ്റംസിനോ വിവരങ്ങള്‍ നല്‍കിയവരുടെ വിലാസങ്ങള്‍ , മാപ്പു സാക്ഷികളുടെ വിവരങ്ങള്‍ )

VIII. കുറ്റാന്വേഷണ പുരോഗതി/ കുറ്റവാളികളെ അറസ്റ്റ് ചെയ്യല്‍ എന്നിവയെ തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍

IX. കാബിനറ്റ് രേഖകള്‍ (എന്നാല്‍ കാബിനറ്റ് തീരുമാനങ്ങള്‍ എടുത്തതിനും കാര്യങ്ങള്‍ പൂര്‍ണമായതിനും ശേഷം ആ തീരുമാനങ്ങളും അവക്ക് അടിസ്ഥാനമായ സംഗതികളും വെളിപ്പെടുത്തണം.)

X . ഒരു പൊതു പ്രവര്‍ത്തനമായും ബന്ധമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യമായ കടന്നു കയറ്റമാകുന്നതോ ആയ വിവരം. (ഈ വ്യവസ്ഥയില്‍ സ്വകാര്യമായ എല്ലാ കാര്യങ്ങളും ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ഒരു പൊതുപ്രവര്‍ത്തനമായും ബന്ധമില്ലെങ്കില്‍ മാത്രമാണ് വെളിപ്പെടുത്തുന്നതില്‍ നിന്നൊഴിവാക്കിയിരിക്കുന്നത്. )

XI. ഭരണകൂടത്തിന്റെയല്ലാത്ത പകര്‍പ്പവകാശം ലംഘിക്കപ്പെടുന്ന വിവരങ്ങള്‍

എന്നാല്‍ IV/V എന്നിവയില്‍ ഒഴിവാക്കിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിപുലമായ പൊതുതാത്പര്യമുണ്ടെന്ന് ബന്ധപ്പെട്ട അധികാരി കണ്ടാല്‍ അവ വെളിപ്പെടുത്താം. കേന്ദ്ര സംസ്ഥാന സര്‍ക്കരുകളെ സംബന്ധിച്ച് “ബന്ധപ്പെട്ട അധികാരി“ യഥാവിധി പ്രസിഡന്റും ഗവര്‍ണറുമാണ്. സുപ്രീം കോടതി/ ഹൈക്കോടതി എന്നിവയുടെ കാര്യത്തില്‍ അതത് ചീഫ് ജസ്റ്റിസാണ് “ബന്ധപ്പെട്ട അധികാരി“ . പാര്‍ലമന്റിനെ സംബന്ധിച്ച് അത് സ്പീക്കറാണ് .

X-ല്‍ ഒഴിവാക്കിയ വിവരം വെളിപ്പെടുത്തുന്നതില്‍ വിപുലമായ പൊതുതാത്പര്യമുണ്ടെന്ന് പൊതുവിവര ഉദ്യോഗസ്ഥനോ അപ്പീല്‍ അധികാരിയോ കണ്ടാല്‍ അവ വെളിപ്പെടുത്താം. നിയമത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന താത്പര്യങ്ങളെക്കാള്‍ മുകളിലാണ് വിവരം വെളിപ്പെടുത്തുന്നതിലെ പൊതു താത്പര്യമെന്ന് പൊതു അധികാരിക്ക് തോന്നുന്ന പക്ഷം ആ വിവരങ്ങള്‍ വെളിപ്പെടുത്താം.

പാര്‍ലമന്റിനോ സംസ്ഥാന നിയമസഭക്കോ നിഷേധിക്കാന്‍ സാധിക്കാത്ത ഏതൊരു വിവരവും ഈ നിയമത്തിനു കീഴില്‍ ഒരു വ്യക്തിക്കും നിഷേധിക്കരുതെന്ന് നിയമം അനുശാസിക്കുന്നു.

ഒരു സംഭവം നടന്ന് ഇരുപത് കൊല്ലം കഴിഞ്ഞെങ്കില്‍ മുകളിലെ I, III, IX, എന്നീ നിബന്ധനകള്‍ക്ക് വിധേയമായി ആ വിവരങ്ങള്‍ വെളിപ്പെടുത്താം എന്നും നിയമം സൂചിപ്പിക്കുന്നു.

അപ്പീലുകള്‍ - പരാതികള്‍


പൊതു വിവര ഉദ്യോഗസ്ഥന്റെ ഉത്തരവിനെ പറ്റി ആവലാതിയുള്ള വ്യക്തിക്ക് (ഇതില്‍ അപേക്ഷ നിരസിക്കപ്പെട്ട അപേക്ഷകനും, വിവരം നല്‍കുന്നതിനെ എതിര്‍ത്ത മൂന്നാം കക്ഷിയും ഉള്‍പ്പെടും) ആ പൊതു അധികാരിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്‍പാകെ അപ്പീല്‍ ബോധിപ്പിക്കാം. സമയപരിധിയില്‍ തീരുമാനമാകാത്തതിനാല്‍ നിരസിച്ചതായി പരിഗണിച്ച അപേക്ഷയില്‍ നിന്നും അപ്പീല്‍ നല്‍കാവുന്നതാണ്. ആവലാതിയുണ്ടായ തീയതി മുതലോ തീരുമാനം ലഭിച്ച തീയതി മുതലോ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീല്‍ ഫയലാക്കേണ്ടതാണ്. ആ സമയപരിധി കഴിഞ്ഞ് നല്‍കുന്ന അപ്പീലില്‍ വൈകിയതിന് ന്യായമായ കാരണങ്ങള്‍ കാണിച്ചാല്‍ അപ്പീലധികാരിക്ക് അത് പരിഗണിക്കാവുന്നതാണ്.

ആദ്യ‌അപ്പീലിലെ തീരുമാനം മൂലമുള്ള ആവലാതികള്‍ രണ്ടാം അപ്പീലായി വിവര കമ്മീഷനുകള്‍ക്ക് മുന്‍പാകെ നല്‍കാം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതു അധികാരികള്‍ക്ക് സംസ്ഥാന വിവര കമ്മീഷനിലും കേന്ദ്ര സര്‍ക്കാരിനു കീഴിലെ പൊതു അധികാരികള്‍ക്ക് കേന്ദ്ര വിവര കമ്മീഷനിലുമാണ് രണ്ടാം അപ്പീല്‍ നല്‍കേണ്ടത്. ഇതിനുള്ള സമയ പരിധി 90 ദിവസമായി നിജപ്പെടുത്തിയിരിക്കുന്നു. അപ്പീലുകള്‍ സംബന്ധിച്ചുള്ള വിശദമായ ചട്ടങ്ങള്‍ കേന്ദ്ര വിവരകമ്മീഷന്റെ വെബ് സൈറ്റിലുണ്ട്. സമാനമായ ഒരു വെബ് സൈറ്റ് നിര്‍ഭാഗ്യവശാല്‍ കേരള സംസ്ഥാന വിവര കമ്മീഷന് തത്കാലം നിലവിലില്ല. എന്തായാലും അപ്പീലപേക്ഷയില്‍ ചോദ്യം ചെയ്യുന്ന ഉത്തരവിന്റെ പകര്‍പ്പും ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ വിലാസവും അപ്പീലിന്റെ കാരണങ്ങളും അപ്പീലപേക്ഷയില്‍ നിര്‍ബന്ധമായും വേണം.

അപ്പീലിലുള്ള തീരുമാനങ്ങള്‍ അന്തിമമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നെങ്കിലും അത് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും റിട്ട് അധികാരങ്ങള്‍ക്ക് വിധേയമാണ്.

അപ്പീല്‍ വഴിയല്ലാതെ പരാതികള്‍ നേരിട്ട് സ്വീകരിക്കാനും വിവരകമ്മീഷനുകള്‍ക്കധികാരമുണ്ട്. പൊതു വിവര ഉദ്യോഗസ്ഥനെ നിയോഗിക്കാത്തതു മൂലമോ, അവര്‍ അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതു മൂലമോ അപേക്ഷ നല്‍കാന്‍ കഴിയാതെ വന്നാലും, വിവരം നല്‍കാന്‍ വിസമ്മതിച്ചാലും, സമയ പരിധിക്കുള്ളില്‍ അപേക്ഷയിന്മേല്‍ നടപടി ഉണ്ടായില്ലെങ്കിലും, അന്യായമായ ഫീസാവശ്യപ്പെട്ടാലും, അപൂര്‍ണമോ തെറ്റായതോ ആയ വിവരങ്ങള്‍ നല്‍കപ്പെട്ടാലും ഒക്കെ വിവര കമ്മീഷനില്‍ പരാതി ബോധിപ്പിക്കാവുന്നതാണ്. വിവര ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം കമ്മീഷനുകള്‍ക്കാണുള്ളത്.

വിവരാവകാശ നിയമത്തിന്റെ ഒരു വിഹഗ വീക്ഷണമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നിയമവിഭാഗമാണിത്. പൌരന്മാരുടെ സജീവമായ ഇടപെടല്‍ ഇതിന്റെ പൂര്‍ണതക്ക് ആവശ്യമാണ്. ജാഗ്രതയോടെ ഈ നിയമം ഉപയോഗിക്കയും ശുഷ്കാന്തിയോടെ ഈ അവകാശം സംരക്ഷിക്കയും ചെയ്യേണ്ടത് വരുന്ന തലമുറകളോടുള്ള നമ്മുടെ കടമയാണെന്നോര്‍ക്കുക.

2 comments:

അനില്‍ ഐക്കര said...

ഇതു കൊള്ളാലോ ഹരി വക്കീലെ?
നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ ഞാനും കൂടാമായിരുന്നു. ഒരു പങ്കാളിത്ത ബ്ലോഗ്‌ ആക്കിക്കൂടെ?
പേരും ഒന്നു മാറ്റൂ, സമത നിയമ വേദി എന്നോ മറ്റോ ഇടെന്നേയ്‌..ഇതൊരു വന്‍ വിജയമാകും!

Sabir Thayyil said...

Is it possible through online?
if yes.... how?
Please.....